തൃശൂര്‍ : പാലപ്പിള്ളിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു
അമ്പല്ലൂർ പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു.
തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം.
തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോയതായി പറയുന്നു.തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പുലി പിടിച്ചത്. പശുക്കുട്ടിയുടെ കഴുത്തില്‍ പുലി പിടിച്ചതിന്‍റെ പാടുകള്‍ വ്യക്തമാണ്.വനപാലകർ എത്തി തോട്ടത്തിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.സമീപത്തെ കാട്ടിൽ പുലിയുണ്ടെന്നും ഏതുനിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ദിവസം പുലി ഇറങ്ങി അയല്‍വാസിയായ അലീമയുടെ പശുക്കുട്ടിയെ കൊന്നിരുന്നു.രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നിരുന്നു.തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് തുടര്‍ച്ചയായി ഇറങ്ങുന്ന പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.