തൃശൂര്‍ : ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സി ഐ പ്രേമാനന്ദകൃഷ്ണന് നേരെ ആക്രമണം. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗൺമാൻ ആയിരുന്ന സി പി ഒ മഹേഷ് ആണ് ആക്രമിച്ചത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ സിഐ താമസിക്കുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസ് ആയ പാഞ്ചജന്യത്തിൽ എത്തി സിഐയെ ആക്രമിക്കുകയായിരുന്നു.നാട്ടിൽ പോകാൻ ലീവ് അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് ഇയാൾ ആക്രമിച്ചത്. ഇതിന് മുൻപ് വടയ്‌ക്കേക്കാട് പൊലീസ് സ്റ്റേഷനിൽ ആയിരുന്ന ഇയാൾ അച്ചടക്ക നടപടിയെ തുടർന്നാണ് ഗുരുവായൂർ സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.സംഭവത്തിൽ സിഐ കമ്മീഷണർക്ക് പരാതി നൽകി.