മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി പദം ആര്‍ക്ക് എന്ന കാര്യത്തില്‍ ബിജെപിയില്‍ ചർച്ചകള്‍ ആരംഭിച്ചു. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ. പുതുമുഖത്ത കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും , ചൗഹാന്റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്.
രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഛത്തീസ്ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി.ചൗധരി എന്നിവരാണ് പരിഗണനയിൽ. റായ്പുരിൽ എത്തിയ കേന്ദ്ര മന്ത്രി മൺസൂഖ് മാണ്ഡ്യവ്യയും ഓം മാത്തൂരും എംഎൽഎമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഈ യോഗത്തിൽ തേടും. രേവന്ത് റെഡ്ഡിയുടേയും ഡികെ ശിവകുമാറിന്റേയും നേതൃത്വത്തിൽ എംഎൽഎമാര്‍ ഇന്നലെ ഗവർണറ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.