ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ മൃതദേഹങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്. 18 മൃതദേഹങ്ങളാണ് ഇസ്രായേൽ സേന അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. അൽഷിഫ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ ഇതുവരെ മരിച്ചത് നാല് നവജാത ശിശുക്കളാണ്. ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കവിഞ്ഞതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ അയ്യായിരത്തിലധികവും കുട്ടികളാണ്. അതേസമയം, വെസ്റ്റ് ബാങ്കിൽ വീണ്ടും വ്യോമാക്രമണമുണ്ടായി. നാബുലുസിലെ ഫതാഹ് പാർട്ടി ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ആക്രമണത്തിൽ മാത്രം ഒൻപത് ഇസ്രായേൽ സൈനികരെ വധിച്ചതായാണ് ഹമാസ് അറിയിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ 62 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് സൈനിക വക്താവ് അബു ഉബൈദ അറിയിച്ചു.