കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തിൽ സാങ്കേതിക, സുരക്ഷാ പിഴവുകൾ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതര്‍. കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റർക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റർ ട്രെയിനിന് സിഗ്നൽ നൽകുകയായിരുന്നു. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.
വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൽ യാത്ര തുടർന്നു.