ധർമശാല: ഡേവിഡ് മലാന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റന്‍ റണ്‍സില്‍ തട്ടി വീണ് ബംഗ്ലാദേശ്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് 137 റൺസിനാണ് തോൽവിയുടെ രുചി അറിഞ്ഞത്. ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഈ ലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 48.2 ഓവറിൽ 227 റൺസിലൊതുങ്ങി. റീസി ടോപ്ലേ നാലും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി ബംഗ്ലാകടുവകൾക്ക് കുരുക്കിടുകയായിരുന്നു. സാം കരൺ, മാർക് വുഡ്, ആദിൽ റഷീദ്, ലിയാം ലിവിംഗ്‌സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം. വിജയത്തോടെ ഇംഗ്ലണ്ട് പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.ബംഗ്ലാനിരയിൽ ഓപ്പണർ ലിറ്റൺ ദാസും (76) വിക്കറ്റ് കീപ്പർ മുഷ്ഫിഖുറഹീമും (51) അർധ സെഞ്ച്വറി നേടി പിടിച്ചു നിന്നു. തൗഹീദ് ഹൃദോയി 39 റൺസടിച്ചു. ഓപ്പണറായ തൻസിദ് ഹസൻ (1), വൺഡൗണായെത്തിയ നജ്മുൽ ഹുസൈൻ ഷാന്റേ (0), നായകൻ ഷാക്കിബുൽ ഹസൻ (1) എന്നിവരൊക്കെ വന്ന പോലെ തിരിച്ചുപോയി. മൂവരെയും തെറിപ്പിച്ചത് ടോപ്ലേയാണ് . പിന്നീടെത്തിയവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.