തെക്കൻ-മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ചില സ്റ്റേഷനുകളിൽ മികച്ച മഴയാണ് ലഭിച്ചത്. തിരുവനന്തപുരം വർക്കല എഡബ്ല്യുഎസ് സ്റ്റേഷനിൽ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദം കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്