താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിങ്ങനെയാണ് പ്രതിപട്ടിക.നേരത്തെ, താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്‍റെ ഇടപെടൽ. താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം ഫലം ചോദ്യം ചെയ്തുള്ള പൊലീസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.