മലപ്പുറം: തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണു സമ്മതിച്ചതായാണ് വിവരം. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമാണ് സുജിത. നേരത്തെ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കൈക്കലാക്കിയതായും സൂചനയുണ്ട്.ഈ ആഭരണങ്ങള്‍ കടയില്‍ വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് മീറ്ററുകള്‍ക്ക് അകലെയാണ് വിഷ്ണുവിന്റെ വീട്. മൃതദേഹം കുഴിച്ചിടാനായി വിഷ്ണുവിന്റെ അച്ഛന് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരും സഹായിച്ചതായാണ് വിവരം. ഇവരും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.