കൊല്ലം: കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയതില്‍ നടപടി. രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി, സ്റ്റാഫ് നഴ്സ് ഉമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുമെന്ന് ആരോഗ്യഉദ്യോഗസ്ഥര്‍ അറിയിച്ചു. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്.
തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് വാമദേവന് മരിച്ചത്. വിദേശത്തുളള ബന്ധു എത്തുന്നതിനായി മൃതദേഹം കടയ്ക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ ബന്ധുക്കള്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയതായി മനസിലായത്. തുടര്‍ന്ന് തിരികെ താലൂക്കാശുപത്രിയില്‍ എത്തിയപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങിയവരെയാണ് ആശുപത്രി ജീവനക്കാര്‍ കുറ്റപ്പെടുത്തിയത്.
വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നതിനാല്‍ വാമദേവന്റെ മൃതദേഹം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ വന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം.