പിലാത്തറ: ദേശീയ പാതയില്‍ വിളയാങ്കോട് റോഡരികിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഇന്ധനടാങ്ക് പൊട്ടി പിക്കപ്പ് വാന്‍ പൂര്‍ണമായും കത്തിനശിച്ചു. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് പിക് അപ്പ് മറിഞ്ഞ് ഡീസല്‍ ടാങ്ക് പൊട്ടികുകയും തുടര്‍ന്നു പിക് അപ്പും സാധനങ്ങളും പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. മലപ്പുറത്തെ മുഹസിന്‍(19), ചേളാരിയിലെ മുഹമ്മദ് റാഷിദ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ് മേരീസ് യു.പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ അതു വഴി ഓട്ടം വന്ന തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ ബക്കളത്ത് താമസിക്കുന്ന പരിയാരം കുണ്ടപ്പാറയിലെ ലിജിന്‍ ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചത്. മംഗലാപുരത്ത് നിന്നു മലപ്പുറത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന കെ.എല്‍ 26. ഇ.2295 നമ്പര്‍ മഹീന്ദ്ര പിക് അപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ഡിവൈഡറിലിടിച്ച് വാഹനം മറിയുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ലീഡിങ്ങ് ഫയര്‍മാന്‍ പി. വിജയന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വാഹനവും സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പരിയാരം പോലിസ് വാഹനം കസ്റ്റഡിയിലെടുത്തു.