കല്യാശ്ശേരി: കാലവര്‍ഷം തൊട്ടരികില്‍ എത്തി നില്‍ക്കുമ്പോള്‍ മനസില്‍ ആദിയുമായി കഴിയുകയാണ് ദേശീയപാതയോരത്തുള്ളവര്‍. ചെറിയ മഴയോടെ തന്നെ കല്യാശ്ശേരിയില്‍ ദേശീയപാത നിര്‍മാണ പ്രദേശത്ത് മണ്ണിടിച്ചല്‍ തുടര്‍കഥയായിരിക്കുകയാണ്. സുരക്ഷാഭിത്തി കെട്ടുമെന്നുറപ്പ് നല്‍കിയതല്ലാതെ അവ എത്രത്തോളം സുരക്ഷ നല്‍കുമെന്ന് ഉറപ്പില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നരത്ത് കല്യാശേരിയില്‍ വാഹനങ്ങള്‍ റോഡില്‍ പോകവെയായിരുന്നു മണ്ണിടിച്ചല്‍ ഉണ്ടായത്. ഇതോടെ വാഹനയാത്രക്കാര്‍ക്കും കാല്‍ നടയാത്രകാര്‍ക്കും ആശങ്ക കൂടിയിരിക്കുകയാണ്. ദേശീയപാതാവികസനത്തിനായി മണ്ണെടുത്ത ഹാജി മെട്ടയിലാണ് തുടര്‍ച്ചയായി മണ്ണിടിച്ചല്‍ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചില്‍ തടയാന്‍ സുരക്ഷാഭിത്തിയൊരുക്കുമെന്ന് ദേശീയപാതാ അധികൃതരുടെ ഉറപ്പുണ്ടായത്. മണ്ണെടുത്ത റോഡിന്റെ ഇരുഭാഗത്തും ഇരുമ്പുവല കെട്ടി സിമന്റ് മിശ്രിതം ചേര്‍ത്ത് ഉറപ്പിക്കുമെന്നാണ് ഉറപ്പ് നല്‍കിയത്. ജനകീയ പരാതികളെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കണ്ണൂര്‍ റീച്ചിന്റെ ചുമതലയുള്ള എന്‍ജിനിയറിങ് വിഭാഗം തലവന്‍ ജഗദീഷ് സോണ്ടൂര്‍ ആണ് നാട്ടുകാരുമായി ചര്‍ച്ച ചെയ്തത്. എന്നാല്‍ ആ ഉറപ്പിന് അപ്പുറം ഭിത്തി നിര്‍മിച്ചാല്‍ മണ്‍കൂനകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ സുരക്ഷിതമാകുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചലില്‍ കുന്നിന്റെ മുകളിലുള്ള കെ.മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുമരില്‍ വിള്ളലും വീണിരുന്നു. ഇതോടെ സ്വസ്ഥമായി കഴിഞ്ഞിരുന്ന പാതയോരത്തുള്ളവര്‍ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയാണ്. ഇതുപോലെ 10 ഓളം വീടുകളാണ് പ്രദേശത്തുള്ളത്. നാലുമുതല്‍ ഏഴുമീറ്റര്‍ വരെ ആഴത്തില്‍ ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലം കഴിച്ച് മണ്ണെടുത്തതിനെത്തുടര്‍ന്നാണ് ഹാജിമെട്ടയുടെ ഇരുഭാഗത്തുമുള്ള നിരവധി വീട്ടുകാര്‍ക്ക് അപകടഭീഷണി ഉയര്‍ന്നത്. കൂടാതെ ഒരു വശത്ത് കൃത്യമായ ഓവുചാല്‍ നിര്‍മിക്കാത്തതിനാല്‍ വെള്ളകെട്ടും രൂക്ഷമാകും. ചെളിവെള്ളകെട്ടുണ്ടായാല്‍ ചെറുവാഹനങ്ങളടക്കം റോഡില്‍ കിടക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍ മഴ കനക്കും മുന്‍പ് ഈ പ്രദേശത്ത് വെള്ളകെട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ വേണമെന്ന് ജില്ലാ കലക്ടര്‍ ദുരന്തനിവാരണസേനയ്ക്കും ദേശീയപാത അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കനത്ത മഴയ്ക്കു മുന്‍പ് ഭിത്തി നിര്‍മാണം, ഓവുചാല്‍ നിര്‍മാണം, ചെളിനീക്കല്‍, അരിക് കെട്ടല്‍ എന്നിവയെല്ലാം ചെയ്ത് തീര്‍ക്കുമോയെന്ന് കാണേണ്ടിവരും.