തളിപ്പറമ്പ്: ടൂറിസം പദ്ധതികള്‍ പാടേ തകര്‍ന്ന വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കില്‍ ടൂറിസം വകുപ്പ് മുഖേന സര്‍ക്കാരിനു നഷ്ടമായത് കോടികള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളിക്കീല്‍ പാര്‍ക്കിനായി പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ പദ്ധതി നഷ്ടമായിരിക്കുമെന്ന അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതിയ്ക്കായി മുടക്കിയ കോടികള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തിലാണ് നഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച 109 സോളര്‍ വിളക്കുകള്‍ തകര്‍ന്നതിലൂടെ തന്നെ 1.5 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതു വരെയായി എത്ര തുകയാണ് ഇവിടെ മുടക്കിയതെന്ന് ജില്ലാ ടൂറിസം വകുപ്പിനും പറയാനാകാത്ത അവസ്ഥയാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കും പാര്‍ക്കിന്റെ ദുരവസ്ഥയെക്കുറിച്ച് പ്രതികരണമില്ലാത്ത അവസ്ഥയാണ്. വെള്ളിക്കീല്‍ പാര്‍ക്ക് ആരംഭിച്ച ശേഷം മുഖ്യ ആകര്‍ഷണമായി സ്ഥാപിച്ച 109 സോളര്‍ വിളക്കുകളും കോവിഡ് കാലത്താണ് തകര്‍ക്കപ്പെട്ടത്. ഇതിന്റെ വിലയേറിയ ബാറ്ററികള്‍ കളവ് പോവുകയും ചെയ്തിരുന്നു. ഇതില്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. റോഡരികില്‍ നിര്‍മിച്ച ഒരു കരിങ്കല്‍ ഗോപുരം വാഹനമിടിച്ചു തകര്‍ന്നതിനും കേസ് നടക്കുകയാണ്. ഇവിടെ നിര്‍മിച്ച ബെഞ്ചുകളും മറ്റും തുരുമ്പെടുത്ത് പോയിട്ടുണ്ട്. പാര്ക്കിന് ഇരുവശവും ഏകദേശം 30 ഓളം കമ്പി കൊണ്ട് നിര്‍മിച്ച ഇരിപ്പിടങ്ങള്‍, 25 ഓളം ഊഞ്ഞാല് എന്നിവയെല്ലാം വെള്ളം കയറി നശിച്ചിരിക്കുകയാണ്. ഇവിടെ ചെമ്മീന്‍, കായല്‍ മത്സ്യ കൃഷിക്കായി ബണ്ടുകള്‍ പ്രദേശത്തുള്ളവര്‍ കെട്ടിയതോടെ ടൂറിസം പദ്ധതിയ്ക്കും തിരിച്ചടിയായി. ചെറുമഴ വന്നാല്‍ തന്നെ ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും സ്ഥിതി ചെയ്യുന്നിടങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ കാലവര്‍ഷത്തോടെ ഇവിടെ സ്ഥാപിച്ചവയെല്ലാം വെള്ളത്തിലായി പൂര്‍ണമായും വെള്ളിക്കീല്‍ പദ്ധതി വെള്ളത്തിലാകും.
റോഡിന് ഇരുവശത്തുമായാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ടിക്കറ്റ് വച്ച് പ്രവേശനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. മറ്റു വരുമാന മാര്‍ഗങ്ങളും ഇവിടെ നിന്നു കണ്ടെത്താനാകില്ലെന്നാണ് ഡി.ടി.പി.സി അധികൃതര്‍ പറയുന്നത്. വിനോദ സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിക്കാമെന്നു പദ്ധതിയിട്ടാല്‍ ഇത്തരത്തിലുള്ള പുഴയോരങ്ങള്‍ സ്വകാര്യ വ്യക്തികളുടേതാണെന്നും അധികൃതര്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ച് ലീസിനു നല്‍കാമെന്ന പദ്ധതിയും പാളി. ഇത്തവണ സംസ്ഥാന ബജറ്റില്‍ അനുവദിച്ച 8 കോടി രൂപ ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും ഇതുവരെ ചിലവാക്കിയ കോടികള്‍ പാഴായി പോയതിനെക്കുറിച്ചു ആര്‍ക്കും ഉത്തരമില്ല