കണ്ണൂര്‍: കണ്ണൂരില്‍ സാധനങ്ങളുമായി എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെ കവര്‍ച്ചക്കിടെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പള്ളിപ്പറമ്പ് കോടിപ്പൊയില്‍ സ്വദേശി പി. റാഫിയാണ് അറസ്റ്റിലായത്. രണ്ടു പേരെ ഇന്നലെ പിടികൂടിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മല്‍ ഹൗസില്‍ പി. അല്‍ത്താഫ് (36), കൂട്ടുപ്രതി ജയില്‍ ശിക്ഷക്കിടെ പരിചയപ്പെട്ട കതിരൂര്‍ സ്വദേശിയും കാഞ്ഞങ്ങാട് സബ്ജയില്‍ റോഡില്‍ തോയമ്മലില്‍ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ നിരവധി കേസിലെ പ്രതിയായ രയരോത്ത് ഹൗസില്‍ കെ. ഷബീര്‍ (36) എന്നിവരെയാണ് പിടികൂടിയത്. ടൗണ്‍ സ്റ്റേഷന് പോലിസ് ഇന്‍സ്പെക്ടര്‍ പി.എ ബിനു മോഹന്റെ നേതൃത്വത്തില്‍ എസ്.ഐ സി.എച്ച് നസീബ്, എ.എസ്.ഐ.മാരായ അജയന്, രഞ്ജിത്ത്, ഷാജി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ നാസര്‍, ഷൈജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊലപാതകികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കണ്ണൂര്‍ മാര്‍ക്കറ്റില്‍ ലോഡുമായി എത്തിയ ലോറിയില്‍ ഉറങ്ങുകയായിരുന്ന കേളകം കണിച്ചാര്‍ പൂളക്കുറ്റിയിലെ ദേവസ്യ- ഗ്രേസി ദമ്പതികളുടെ മകന് വി.ഡി ജിന്റോ (39) യെ കവര്‍ച്ചക്കിടെ സംഘം വെട്ടി കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കൊലപാതകമെന്നാണ് പോലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് ജിന്റോയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. കാലിനേറ്റ മാരകമുറിവില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണം. കണ്ണൂര്‍ മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ. സ്റ്റേഡിയത്തിന്റെ കിഴക്കേകവാടത്തിന് സമീപം ലോറി നിര്‍ത്തിയിട്ടതായിരുന്നു. കവര്‍ച്ചക്കാരെ പിന് തുടര്‍ന്നപ്പോഴാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവം കണ്ട ദൃക്സാക്ഷിയുടെ നല്കിയ സൂചനകളാണ് കവര്‍ച്ചാ ശ്രമമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചതെന്ന പ്രാഥമിക വിവരം പോലിസിന് ലഭിച്ചത്. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെത്തി. അറസ്റ്റിലായ അല്‍ത്താഫിന് വധശ്രമം, മയക്കുമരുന്ന് പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി കോഴിക്കോട് ജില്ലയില്‍ എട്ടോളം കേസ് നിലവിലുണ്ട്. ഷബീറിനാകട്ടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്, ഇരിട്ടി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസ്, മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസ് നിലവിലുണ്ട്. നാല് മാസം മുമ്പാണ് ഇരുവരും ജയിലില്‍ നിന്നിറങ്ങിയത്.