തൃശൂർ : നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപറേഷൻ ഓഫീസ് പരിസരത്ത് നിന്ന് പിടികൂടി.ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
തമിഴ് നാട് സ്വദേശി 60 വയസ്സുള്ള കാളിമുത്തുവിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്ഗ് നെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഓഫീസ് റോഡിനടത്തുള്ള ‘വോൾഗാ’ ബാറിന് മുന്നിൽ വെച്ചായിരുന്നു അക്രമം. യാതൊരു പ്രകോപനവുമില്ലാതെയാണ് തമിഴ്നാട് സ്വദേശി കാളിമുത്തുവിനെ ഖാസിം ബെയ്ഗ് വെട്ടിയതെന്ന് പറയുന്നു. ബാറിന് മുന്നിലെ കടയിലെ കരിക്ക് വെട്ടുന്ന കത്തിയെടുത്താണ് വെട്ടിയത്. കഴുത്തിലും തലയ്ക്ക് പുറകിലും വെട്ടേറ്റ കാളിമുത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കാളിമുത്തുവിന് പഴയ പേപ്പര്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോർപറേഷൻ പരിസരത്ത് വെച്ച കാളിമുത്തുവിന്റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കാരനും ചേർന്നാണ് പിടികൂടിയത്. അതേസമയം കാളിമുത്തുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.