തൃശൂര്‍ : കുന്നംകുളം പെരുമ്പിലാവില്‍ അൻസാർ ആശുപത്രിക്ക് മുൻവശത്തെ ബേബി ഷോപ്പിലെ മേശയിൽ നിന്നും പണം കവർന്നു. പോർക്കുളം സ്വദേശി പണിക്ക വീട്ടിൽ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ലിബാസ് എന്ന ബേബി ഷോപ്പിലെ മേശയിൽ സൂക്ഷിച്ച പതിനായിരത്തോളം രൂപയാണ് അജ്ഞാതൻ കവർന്നത്.വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ഭാര്യ പ്രസവിച്ച് കിടക്കുകയാണെന്ന് പറഞ്ഞ മോഷ്ടാവ് കൊട്ടയും ബെഡും വാങ്ങാനെന്ന വ്യാജേനയാണ് കടയിൽ എത്തിയത്. തുടർന്ന് കടയുടമ ബെഡ് എടുക്കാൻ പോയതോടെ മേശയുടെ വലിപ്പിൽ പേഴ്സിലായി സൂക്ഷിച്ച പതിനായിരത്തോളം രൂപയുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.പോർക്കുളം സുന്നി ജുമാ മസ്ജിദിലെ ട്രഷററായ കടയുടമ ഷംസുദ്ദീൻ ബലി പെരുന്നാളിന് പള്ളിയിലേക്ക് നൽകാൻ സൂക്ഷിച്ചുവച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.