കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളതെന്നാണ് വിവരം. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബടക്കം കോഴിക്കോട് ജില്ലയിൽ സജ്ജമാക്കാൻ തീരുമാനമായിട്ടുണ്ട്. പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി.
അതേസമയം നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത തല യോഗം ചേര്‍ന്നു. ഓൺലൈൻ ആയിട്ട് ചേര്‍ന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരടക്കം പങ്കെടുക്കുത്തു. ജില്ലയിലെ നിപ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ സജ്ജമാക്കിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.