കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ അനര്‍ഹമായി ആളുകള്‍ കൈവശം വെച്ച് ഉപയോഗിച്ചിരുന്ന 652 എഎവൈ, പിഎസ്എച്ച് റേഷന്‍ കാര്‍ഡുകള്‍ അധികൃതര്‍ പിടിച്ചെടുത്തു.
ദാരിദ്രരേഖക്കും താഴെയുള്ളവര്‍ക്ക് നല്‍കുന്ന തരം കാര്‍ഡും മുന്‍ഗണനാ വിഭാഗത്തിന് നല്‍കുന്ന കാര്‍ഡുകളാണിത്. കൂടുതല്‍ പരിശോധന നടത്തി അനര്‍ഹമായ കാര്‍ഡുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ആവശ്യപ്പെട്ടു.
അതിനിടെ കാസര്‍കോഡ് ജില്ലയില്‍ കടത്തിണ്ണകളില്‍ കിടക്കുന്നവര്‍ക്കും അതിദരിദ്രര്‍ക്കും മുന്‍ഗണനാ കര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞതായി യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ പി സജിമോന്‍ അറിയിച്ചു. വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു
ആദിവാസി ഊരുകളിലേക്ക് മൂന്ന് മാസത്തിനകം റേഷന്‍കടകളിലൂടെ അരിപ്പൊടി വിതരണം ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം എം വിജയലക്ഷ്മി പറഞ്ഞു. ഊരുകളില്‍ പച്ചരി ഉപയോഗിക്കുന്നത് വളരെ കുറവാണെന്ന് കണ്ടെത്തിയതോടെയാണ് അരിപ്പൊടി വിതരണം ചെയ്യുന്നത്.
റേഷന്‍ കാര്‍ഡുകളില്‍ ലഭിക്കുന്ന ആട്ട പൊടിക്ക് പകരം റാഗിപ്പൊടി വിതരണം ചെയ്ത് തുടങ്ങും. ഊരുകളില്‍ റേഷന്‍ കാര്‍ഡില്ലാത്തവരെ കണ്ടെത്തി കാര്‍ഡ് ഉടമകളാക്കണം. പച്ചരി കൂടുതലായി ലഭിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയില്‍ രണ്ട് മാസത്തിനകം പ്രശ്‌നത്തിന് പരിഹാരമാകും.
ഫോര്‍ട്ടിഫൈഡ് റൈസ് സംബന്ധിച്ച് നടക്കുന്നത് കുപ്രചരണമാണ്. കുട്ടികള്‍ക്ക് ഏറ്റവും ആവശ്യമുള്ള സിങ്ക്, മെഗ്‌നീഷ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ അരി പാചകം ചെയ്യുന്ന രീതി സംബന്ധിച്ച് സ്‌കൂള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും അവര്‍ പറഞ്ഞു.