പാർലമെന്റിൽ കളർ സ്പ്രേയുമായി പ്രതിഷേധിച്ചവർ ഉയർത്തിയത് സർക്കാർ വിരുദ്ധ മുദ്രാവാക്യമെന്ന് വിവരം. ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. ‘താനാശാഹീ നഹീ ചലേഗി’ എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്. ഷൂസിനുള്ളിലാണ് ഇവർ സ്പ്രേ സൂക്ഷിച്ചത്. കളർസ്പ്രേയുമായി രണ്ട് പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരിൽ നീലം, അമോൽ ഷിൻഡെ എന്നിവർ പിടിയിലായി. അറസ്റ്റിലായ നാലു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. ടിയര്‍ഗ്യാസ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഇവരുടെ പക്കലുണ്ടായിരുന്നത് കളര്‍ സ്പ്രേ ആണെന്ന് വ്യക്തമായി. എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.