കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു.