സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ചില രാജ്യങ്ങളിൽ രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തൽ. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചർച്ചയാകുന്നുണ്ട്.