യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവിന്‍റെ ഫോണിലേക്ക് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ കേസ് എടുത്ത് പൊലീസ്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മലപ്പുറം സ്വദേശിയായ ഇപി ഷമീറെന്നയാളാണ് അരിതയുടെ നമ്പറിലേക്ക് ഖത്തറിൽനിന്ന് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ വന്നു. ആരാണെന്ന് ചോദിച്ച് മെസേജ് അയച്ചിട്ടും മറുപടി ഉണ്ടായില്ല. കോൾ തുടർന്നു. ഒടുവിൽ ക്യാമറ ഓഫ് ചെയ്ത കോൾ എടുത്തു. അപ്പോൾ ക്വമറ മറച്ചുവെച്ച നിലയിലായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. ഇതോടെ വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അരിത നമ്പര്‍ നൽകി. അന്വേഷണത്തിൽ ഇയാൾ ഖത്തറിലാണെന്ന് കണ്ടെത്തി. മലപ്പുറം അമരമ്പലം സ്വദേശിയായ ഇപി ഷമീറാണെന്നും തിരിച്ചറിഞ്ഞു.
സുഹൃത്തുക്കൾ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടു. തുടർന്ന് ഷമീർ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അരിതക്ക് അയച്ചുകൊടുത്തു. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ അരിത തീരുമാനിക്കുകയായിരുന്നു.