വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാർത്ഥിയും രംഗത്ത്. കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹി റഹീം ഹാജിയാണ് വടകരയിൽ മത്സരിക്കാൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീം ഹാജി. നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിലും റഹീം ഹാജി മുൻപ് പങ്കെടുത്തിരുന്നു. എന്നാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം റഹീം ഹാജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
വടകരയിൽ ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പുറത്താക്കിയ നേതാവും പത്രിക നൽകിയത്. മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയ്ക്ക് എതിരെയും അപരന്മാരുടെ വെല്ലുവിളിയുണ്ട്. ഇവിടെ ശൈലജയ്ക്ക് എതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് വിമത ഭീഷണിയില്ല.