കോതമംഗലം കള്ളാട് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി.തലക്കടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അയൽവാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെ ഇവരുടെ പഴയ വീടും ഉണ്ടായിരുന്നു. അവിടെ മൂന്ന് അതിഥി തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവരിൽ രണ്ടുപേർ ജോലിക്ക് പോയിരുന്നത്. ഒരാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. ഒരു മണിയോടെഅയൽവാസികളിലൊരാൾ സാറാമ്മയെ കണ്ടിരുന്നു. സംഭവസമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ ആദ്യം കണ്ടത്. വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. ചുറ്റും രക്തം തളംകെട്ടി കിടന്നിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞൾപൊടി വിതറിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. റബ്ബർത്തോട്ടത്തിനു നടുവിലെ വീട്ടിൽ സാറാമ്മയും മകനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. മകൻ എൽദോസും ഭാര്യ സിൽജുവും രാവിലെ വീട്ടിൽനിന്നു പോയ ശേഷം സാറാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നാല് വളകളും നഷ്ടമായിട്ടുണ്ട്. മൂർച്ചയുള്ള ആയുധംകൊണ്ട് വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ നിലയിലാണ്. തലയിലും മുറിവുണ്ട്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.