പാർലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി. 92 എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി പ്രതിഷേധിച്ചു
സഭ നടപടികളോട് പ്രതിപക്ഷം സഹകരികരിക്കണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു. പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെന്റ് ചെയ്ത ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലും പുറത്തും പ്രതിഷേധിക്കുകയാണ്.
എന്നാൽ അതേ സമയം, പാർലമെൻറ് അതിക്രമത്തെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇത് അതിക്രമത്തെക്കാൾ ഗൗരവതരമെന്നായിരുന്നു പ്രതിഷേധത്തെ കുറിച്ച് നരേന്ദ്ര മോദിയുടെ പ്രതികരണം.
പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ജയറാം രമേശ് ആരോപിച്ചു