സിൽക്യാരയിൽ നിന്നും രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത പരിപാടികൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയിൽ ടെലിഫോണിൽ സംസാരിച്ചു.
എട്ട് സംസ്ഥാനങ്ങളിലെ 41 തൊഴിലാളികൾ 17 ദിവസം എട്ടര മീറ്റർ ഉയരമുള്ള തുരങ്കത്തിൽ പിടിച്ചു നിന്നു. തൊഴിലാളികളെ അവശിഷ്ടങ്ങൾ നീക്കി പുറത്തു കൊണ്ടു വരാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തിൽ രക്ഷാ സംഘം. വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യം വീണ്ടും തുരങ്കം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി.
വ്യോമസേനയും റെയിൽവെയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങൾ അപകടസ്ഥലത്ത് എത്തിച്ചു. കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗവും ദൗത്യത്തിൽ പങ്കു ചേർന്നിരുന്നു. പല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളുടെയും വിദഗ്ധർ പങ്കാളികളായി. വിദേശവിദഗ്ധരുടെ സഹായം തേടി. തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കുന്നത് ഉൾപ്പടെ അഞ്ചു പദ്ധതികൾ തയ്യാറാക്കി. ഉത്തരാഖണ്ഡ് രക്ഷാദൗത്യം രാജ്യത്തിന് പുതിയ പാഠമാകുകയാണ്. മുന്നറിയിപ്പ് അവഗണിച്ചുള്ള ഹിമാലയൻ താഴ്വരയിലെ നിർമ്മാണങ്ങൾ എത്ര സുരക്ഷിതം എന്ന ചോദ്യം ഉയരും. ഇത്തരം സാഹചര്യം നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി പോലും തയ്യാറല്ലായിരുന്നു എന്നും ആദ്യം ദിവസങ്ങളിലെ ആശയക്കുഴപ്പം സൂചിപ്പിക്കുന്നു.