അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക.തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും.