അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. ചീഫ് സെലക്ടറായി പുതുതായി ചുമതലയേറ്റ മുന്‍ പേസര്‍ വഹാബ് റിയാസ് ആണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഇടം കൈയന്‍ പേസര്‍ മിര്‍ ഹംസ നീണ്ട ഇടവേളക്ക് ശേഷം പാക് ടീമില്‍ തിരിച്ചെത്തി. ഷദാബ് ഖാന്‍ ടീമില്‍ ഇടംപിടിച്ചില്ല. പേസര്‍ ഹാരിസ് റൗഫിന് ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ ലോകകപ്പ് ടീമിലെ ഒമ്പത് താരങ്ങള്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്ന് പുതുമുഖങ്ങളും ടെസ്റ്റ് ടീമില്‍ ഇടം നേടി. ഓപ്പണര്‍ സയിം അയൂബ്, ആമിര്‍ ജമാല്‍, പേസര്‍ ഖുറും ഷെഹ്സാദ് എന്നിവരാണ് ടെസ്റ്റ് ടീമിലെത്തിയ പുതുമുഖങ്ങള്‍. നസീം ഷായുടെ പരിക്ക് ഭേദമാകാത്തതിനാല്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.
ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന പാക്കിസ്ഥാന്‍ അതിനുശേഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളടങ്ങിയ പരമ്പരയിലും കളിക്കും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.