സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവർഷം ശക്തമാകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. കാലടിയിലും അങ്കമാലിയിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. കാലടി മലയാറ്റൂര്‍ പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. കാലടി നീലേശ്വരത്ത് ആറ് മണിക്കൂറില്‍ 16 സെന്‍റീമീറ്റര്‍ മഴയാണ് പെയ്തതത്.