നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മികച്ച തുടക്കമാണ് റീസ ഹെന്‍ഡ്രിക്സും (19) – ടോണിയും ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ റീസയെ പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നീടെത്തിയ റാസി വാന്‍ ഡര് ഡസ്സന് (2) തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (36) പ്രതീക്ഷ നല്‍കിയെങ്കിലും വീണു. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. മാത്രമല്ല, ടോണിയെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. ഹെന്റിച്ച് ക്ലാസന് (21), വിയാന്‍ മള്‍ഡര്‍ (1), കേശവ് മഹാരാജ് (14), ബ്യൂറന്‍ ഹെന്‍ഡ്രിക്സ് (18), ലിസാഡ് വില്യംസ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേ്രന്ദ ബര്‍ഗര്‍ (1) പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജത് പടിധാറിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. ഇതിനിടെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്ശന് (10) ഇന്ന് വേഗത്തില്‍ മടങ്ങി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും (21) സഞ്ജും ഒത്തുചേര്‍ന്നു. നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു.