വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലന്‍ഡ്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സുമാണ് പലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്. അധിനിവേശ പലസ്തീൻ പ്രദേശത്ത് ഇസ്രായേൽ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനാൽ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവർക്ക് ന്യൂസിലൻഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്‌സ് പറഞ്ഞു. ‘കുടിയേറ്റം പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കൂടുതൽ സെറ്റിൽമെന്റ് നിർമാണത്തിനുള്ള പദ്ധതികളെ കുറിച്ച് ചില ഇസ്രായേൽ മന്ത്രിമാരുടെ സമീപകാല പ്രസ്താവനകൾ ഏറെ ആശങ്കയുണ്ടാക്കുകയും ഇസ്രായേലികൾക്കും പലസ്തീനികൾക്കുമിടയിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്യും’ പീറ്റർ വ്യക്തമാക്കി.