സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന ഗവർണ്ണറുടെ ആരോപണം തീർത്തും തെറ്റാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളീയം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളീയം വൻ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം എന്നാണ് കാണുന്നത്. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഗവർണർ മാറുകയാണോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണ്ണർ തടഞ്ഞ് വെച്ചിരിക്കുകയാണ്.
അതിന് കൃത്യമായ കാരണം ഗവർണ്ണർ വ്യക്തമാക്കുന്നില്ല. 8 ബില്ലുകളാണ് ഗവർണ്ണർ മാസങ്ങളായി തടഞ്ഞു വെച്ചിരിക്കുന്നത്. ഏഴ് മാസം മുതൽ രണ്ട് വർഷം വരെ ഈ ബില്ലുകൾ ഗവർണ്ണറുടെ അംഗീകാരത്തിനായി കെട്ടി കിടക്കുകയാണ്. ഇക്കാര്യത്തിൽ ഉന്നത നീതി പീഠത്തെ സംസ്ഥാന സർക്കാർ സമീപിച്ചതും അതുകൊണ്ടാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.