സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കോവിഡ് കേസുകൾ ഉയരുന്നതിനാല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
പുതുക്കിയ കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലാ തലത്തിൽ രോഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ – ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കോവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ്.
അതേസമയം, അതിവേഗം പടരുന്ന ജെ എൻ വൺ കേരളത്തിന് ആശങ്കയായി തുടരുകയാണ്. 111 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഒന്നരമാസത്തിനിടെ 1600 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.