പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവക്കുറിപ്പിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങൾ. ആൻ എജുക്കേഷൻ ഫോര്‍ റിത എന്നാണ് പുസ്തകത്തിന്റെ പേര്.
കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് മുന്‍പ് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.
മാധ്യമങ്ങളും ബൃന്ദയെയും പ്രകാശ് കാരാട്ടിനെയും വേട്ടയാടിയെന്നും ബൃന്ദ ആരോപിച്ചു. അന്ന് പാര്‍ട്ടി പിബിയിൽ ഇവര്‍ക്ക് പിന്തുണ നൽകിയത് കേരളത്തിൽ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രൻ പിള്ളയായിരുന്നു. പഴയ കാലത്തെ അനുഭവങ്ങളാണ് ബൃന്ദ പറയുന്നത്. ബംഗാൾ ഘടകം ഏറെക്കാലമായി ബൃന്ദയ്ക്കും പ്രകാശ് കാരാട്ടിനും എതിരാണ്.