പൂയപ്പള്ളിയിൽ തട്ടികൊണ്ട് പോകലിൽ നിന്ന് രക്ഷപെട്ട ആറ് വയസ്സുകാരി അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലുളള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് ഇനിയും പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കുമെന്നാണ് സൂചന. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്. കുട്ടി ആശുപത്രി വിട്ടശേഷം പോലീസ് സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ചോദിച്ചറിയും.
അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.