തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റുന്ന ബില്ല് ലോക്സഭ പാസാക്കി. ഈ ബില്‍ പാസാക്കിയതിന് പിന്നാലെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കും. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ പാസാക്കി. ഇതിനുശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നൂറ് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍റ് ചെയ്ത ശേഷം സർക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കിയാണ് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ തീരുമാനിച്ചത്.
ഇതിനിടെ, ഇന്നലെ മൂന്ന് എംപിമാരെ കൂടി ലോക്സഭയില്‍ നിന്ന് സസ്പന്‍റ് ചെയ്തു. ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതോടെ ലോക്സഭയില്‍നിന്ന് മാത്രം സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 100 ആയി. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആകെ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. സസ്പെൻറ് ചെയ്യപ്പെട്ട എംപിമാർ പാര്‍ലമെൻറ് വളപ്പില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.