എറണാകുളം പുതുവൈപ്പില്‍ നിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നാണ് രാത്രി 8 മണിയോടെ കണ്ടെത്തിയത്. സംശയപദമായ നിലയില്‍ കുട്ടികളെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ ബന്ധപ്പെട്ട് കുട്ടികളെ വീഡിയോ കോളിലൂടെ കാട്ടികൊടുക്കുകയായിരുന്നു. ഇവരെ ബന്ധുക്കള്‍ നേരിട്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കി വീട്ടിലെത്തിക്കും. ഇന്ന് രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. 13 വയസ്സുളള സഹോദരങ്ങളായ ആദിഷ്, ആദിത്, കൂട്ടുകാരന്‍ ആഷ് വിന്‍ എന്നിവരാണ് നാട് വിട്ടുപോയത്. എടവനക്കാട് കെപിഎംഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.ഇനി വീട്ടിലേക്കില്ലെന്ന കത്തും വീട്ടുകാര്‍ കണ്ടെടുത്തു. ഇതോടെ മാതാപിതാക്കള്‍ ഞാറയ്ക്കല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് കുട്ടികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്.