കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന ശക്തം. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തായും വിവരമുണ്ട്.
കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 18 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.